പ്രസംഗത്തിനിടെ ‘മമ്മൂക്കാ…’ എന്ന് കുഞ്ഞുവിളി, ‘എന്തോ…’ എന്ന് മറുപടി; വീഡിയോ വൈറല്‍

പുറമേ ഗൗരവക്കാരനാണെങ്കിലും പഞ്ചപാവമാണ് നടന്‍ മമ്മൂട്ടി എന്നാണ് ആരാധകരടക്കമുള്ള സിനിമാ ലോകം പറയുന്നത്. ഇത് പലവട്ടം പല കാര്യങ്ങളിലൂടെ മലയാളികള്‍ കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

മമ്മൂട്ടി പ്രസംഗിക്കാന്‍ വേദിയിലെത്തി. ഗൗരവത്തോടെ പ്രസംഗം തുടങ്ങി. അപ്പോഴാണ് കാണികള്‍ക്ക് ഇടയില്‍ നിന്നും ഒരു കുഞ്ഞിന്റെ ‘മമ്മൂക്ക..’ സ്‌നേഹ വിളി എത്തിയത്. വിളി ശ്രദ്ധിച്ച മമ്മൂട്ടി പ്രസംഗത്തിനിടെ തന്നെ ആ വിളിക്ക് അപ്പോള്‍ തന്നെ സ്വാഭാവിക ഭാവത്തില്‍ ‘എന്തോ..’. എന്ന് മറുപടിയും പറഞ്ഞു. ഇത് കേട്ട് സദസില്‍ ഒന്നടങ്കം ചിരി പടര്‍ന്നു.

പരിപാടി കഴിഞ്ഞ് മമ്മൂട്ടി ആ കുഞ്ഞിനെ തിരക്കി എത്തി. കുഞ്ഞിനെ പോയി ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.