സനല്‍കുമാര്‍ ശശിധരനെതിരെ സെന്‍സര്‍ ബോര്‍ഡ്

എസ് ദുര്‍ഗ എന്ന് പേര് മാറ്റിയിട്ടും സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ സെക്‌സി ദുര്‍ഗ എന്ന പേരിന് പ്രചാരണം നല്‍കുകയാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ ബോധിപ്പിച്ചു. സിബിഎഫ്‌സി തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്.

സെക്‌സി ദുര്‍ഗയുടെ നിര്‍മ്മാതാവ് ഷാജി മാത്യുവും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായിട്ടാണ് സെന്‍സര്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

സിബിഎഫ്‌സിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പെരുമാറുന്നതെന്നും ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ പിന്തുടരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സെക്‌സി ദുര്‍ഗ എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും മാറ്റിയ പേരില്‍ ചിഹ്നങ്ങള്‍ നല്‍കിയിരിക്കുകയാണ്. സിനിമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സെക്‌സി ദുര്‍ഗ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സിനിമയുടെ പേര് മാറ്റിയതായി അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എസ് എന്നതിന്റെ നിര്‍വചനം നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ആകാമെന്നും സംവിധായകന്‍ പറഞ്ഞതായി സിബിഎഫ്‌സി ചൂണ്ടിക്കാട്ടുന്നു.

Read more

സിബിഎഫ്‌സി മുന്നോട്ടുവെച്ച ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയിട്ടാണ് നീതിതേടി അവര്‍ കോടതിയില്‍ എത്തിയിരിക്കുന്നതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.