കാര്‍ബണ്‍ നാളെ മുതല്‍: കാണാനിരിക്കുന്നത് ഫഹദ് ഫാസിലിന്റെ അവിസ്മരണീയ പ്രകടനം

Advertisement

ദയ, മുന്നറിയിപ്പ് പോലുള്ള മികച്ച ചിത്രങ്ങളുടെ സൃഷ്ടാവ് വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ഇതൊരു ഫഹദ് ഫാസില്‍ ചിത്രമാണെന്ന് സംവിധായകന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ അത് സൂചിപ്പിക്കുന്നത് സിനിമ കാത്തുവെച്ചിരിക്കുന്നത് നായകന്റെ അവിസ്മരണീയ പ്രകടനമാണെന്നാണ്. നല്ല സിനിമകളെ സ്‌നേഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്നതാണ് സിനിമയുടെ ദൃശ്യങ്ങള്‍.

കേരളത്തില്‍ 105 സെന്ററുകളും കേരളത്തിന് പുറത്ത് 135 സെന്ററുകളിലുമായി വൈഡ് റിലീസാണ് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി ഒരുക്കിയിരിക്കുന്നത്. എല്ലാ ഘടകങ്ങളും ഒത്തിണങ്ങുന്ന ഒരു സിനിമയ്ക്കായി മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അണിയറക്കാര്‍ കരുതിവെച്ചിട്ടുണ്ട്.

ഫഹദ് ഫാസിലിന്റെ സ്വാഭാവിക അഭിനയത്തിന്റെ സൂചനകള്‍ സിനിമയുടെ ട്രെയിലറില്‍ തന്നെ കാണുന്നുണ്ട്. ഫഹദ് ഫാസിലും മമ്താ മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കാര്‍ബണ്‍. കാട്ടിലൂടെയുള്ള യാത്രയുടെ സീചനകള്‍ ട്രെയിലറില്‍ നിന്ന് ലഭിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങള്‍ വിവരിക്കുമ്പോഴും കാട് പശ്ചാത്തലമാക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ സംസാരിക്കുന്നത്.

വിശാല്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു എന്നത് ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, ദിലീഷ് പോത്തന്‍, മാസ്റ്റര്‍ ചേതന്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.