'നീ തോറ്റല്ല മടങ്ങുന്നത്, ഒരു പാട് ജീവിതങ്ങളോട് എങ്ങിനെ ജയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ്'; ആരാധികയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് മഞ്ജു വാര്യര്‍

കാന്‍സര്‍ ബാധിതയായി മരണമടഞ്ഞ ആരാധികയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. അരുണിമ എന്ന പെണ്‍കുട്ടിയുടെ വിയോഗത്തിലുള്ള ദുഃഖമാണ് മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. മരണം തോല്‍വിയല്ലെന്നും ഒരു പാട് ജീവിതങ്ങളോട് എങ്ങിനെ ജയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് പെണ്‍കുട്ടി നീ യാത്രയാവുന്നതെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു, അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങിനെ ജയിക്കണമെന്ന് പറഞ്ഞു കൊണ്ടാണ്. അരുണിമയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം.” മഞ്ജു കുറിപ്പില്‍ പറഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായും ബോധവത്കരണ പരിപാടികളുമായും കേരളത്തില്‍ സജീവമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ അച്ഛനും അമ്മയും കാന്‍സറിനെ അതിജീവിച്ചവരാണ്. അടുത്തിടെയായിരുന്നു അച്ഛന്റെ മരണം. കാന്‍സര്‍  ബോധവത്കരണ ക്യാമ്പയിനായ “കേരള ക്യാനി”ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മഞ്ജു വാര്യര്‍.

https://www.facebook.com/theManjuWarrier/photos/a.265890360285299/1022400747967586/?type=3&theater