ഒരു തൂവല്‍ കാറ്റേതോ…; ‘ബ്രദേഴ്‌സ് ഡേ’യിലെ മനോഹര ഗാനം

പൃഥ്വിരാജിന്റെ ഓണച്ചിത്രം ‘ബ്രദേഴ്‌സ് ഡേ’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി കുതിക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷകളോട് കൂറു പുലര്‍ത്തി എന്നാണ് പ്രതികരണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘ഒരു തൂവല്‍ കാറ്റേതോ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.

കാര്‍ത്തിക്കാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ജിസ് ജോയ്‌യുടെ വരികള്‍ക്ക് ഫോര്‍ മ്യൂസിക്കാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കോടികള്‍ വാരിയ ലൂസിഫര്‍ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തതിനു ശേഷം പൃഥ്വി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ട്രാഫിക്, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ പ്രസന്ന, കോട്ടയം നസീര്‍, ധര്‍മജന്‍, വിജയരാഘവന്‍, പൊന്നമ്മ ബാബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.