'ഈ സിനിമയില് അണ്ണന്റെ ഒരു മാസ് പൊലീസ് വേഷം പ്ലാന്‍ ചെയ്തിരുന്നു'; ആന്റണിയെ 'പതപ്പിച്ച്' ലാലേട്ടന്റെ ഡേറ്റ് നേടിയ പൃഥ്വിരാജ്!

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ എസ്‌ഐ ആന്റണി ജോസഫ് എന്ന കഥാപാത്രമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള രസകരമായ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബ്രോ ഡാഡിയെ കുറിച്ച് പൃഥ്വി പറുമ്പോള്‍ മോഹന്‍ലാലിന്റെ രണ്ടു സിനിമകളുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചെയ്യാമെന്നാണ് ആന്റണി പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ നിര്‍മ്മാതാവിന് മാസ് പൊലീസ് വേഷമുണ്ടെന്ന് പറയുന്നതോടെ ഉടന്‍ ബ്രോ ഡാഡി ആരംഭിക്കാമെന്ന് സമ്മതിക്കുന്ന ആന്റണിയെ ടീസറില്‍ കാണാം.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ.

കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍.

ദീപക് ദേവ് ആണ് സംഗീത സംവിധാനം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഇത് ഒരു കോമഡി ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.