മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു; നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

വിവാദമായി നെറ്റ്ഫ്‌ളിക്‌സ് സീരിസ് “കൃഷ്ണ ആന്‍ഡ് ഹിസ് ലീല”. ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌ക്കരിക്കണമെന്ന പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തെലുങ്ക് ഭാഷയിലുള്ള സീരിസ് നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന കൃഷ്ണ എന്ന യുവാവിന്റെ കഥയാണ്.

നായകന്റെ പേര് കൃഷ്ണ എന്നും നായികമാരില്‍ ഒരാളുടെ പേര് രാധ എന്നായതോടെയാണ് ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ഹാഷ്ടാഗുകള്‍ പ്രചരിച്ചത്. ചില വിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലെ പല സീരീസുകളും ചിത്രങ്ങളുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ജൂണ്‍ 25നാണ് കൃഷ്ണ ആന്‍ഡ് ഹിസ് ലീല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. രവികാന്ത് പെരേപുവാണ് ചിത്രത്തിന്റെ സംവിധായകന്‍. “ലൈല”, “സേക്രട്ട് ഗെയിംസ്”, “ഗോള്‍”, “പാതാള്‍ ലോക്” എന്നീ സീരിസുകളിലും ചില വിഭാഗങ്ങള്‍ക്കെതിരായ വികാരം പരത്തുന്നുവെന്നും രൂക്ഷമായ വിമര്‍ശനമുണ്ട്.