‘പദ്മാവതി’; ദീപികയ്ക്ക് വേണ്ടി ഒപ്പു ശേഖരണത്തിന് ബോളിവുഡ് താരങ്ങൾ; ഒപ്പിടാൻ തയാറല്ലെന്ന് കങ്കണ റണാവത്

പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട് വിവാദ നായികയായി തുടരുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന് പിന്തുണയുമായി താരങ്ങൾ. പദ്മാവതിയുടെ വിവാദങ്ങൾ ആളിക്കത്തുമ്പോൾ വധ ഭീഷണി നേരിടുന്ന ദീപികയ്ക്ക് പിന്തുണയുമായാണ് ബോളിവുഡ് താരങ്ങൾ ഒരുമിച്ച് ഒരു ഒപ്പുശേഖരണത്തിനായി രംഗത്തു വന്നത്. ബോളിവുഡ് താരങ്ങൾ എല്ലാം ചേർന്ന് സർക്കാരിന് നിവേദനം സമർപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനുവേണ്ടി ഒപ്പുശേഖരണത്തിനായി സമീപിച്ച ശബാന ആസ്മിയോട് ഒപ്പിടാൻ തയാറല്ലെന്ന് നടി കങ്കണ റണാവത് അറിയിക്കുകയായിരുന്നു. കങ്കണയുടെ ഈ നിലപാട് ബോളിവുഡ് മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. ഒപ്പിടാൻ നടി ശബാന ആസ്മി നിർബന്ധിച്ചെങ്കിലും കങ്കണ വഴങ്ങാൻ കൂട്ടാക്കിയില്ല. അടുത്തിടെയായി ദീപികയുമായി അത്ര സ്വരച്ചേർച്ചയിലല്ല കങ്കണ റണാവത്ത്.

2014 ല്‍ ഇറങ്ങിയ ’ഹാപ്പി ന്യൂഇയറി’ലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാൽ ‘ക്യൂനി’ലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുന്നതിന് പകരം പരസ്യമായി സംസാരിച്ചത് മോശമായിപ്പോയെന്നും കങ്കണ തുറന്നടിച്ചിരുന്നു. കൂടാതെ ഒരു അഭിമുഖത്തില്‍ താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ഹൃത്വിക് റോഷൻ പ്രശ്നത്തിലും ദീപിക തന്റെ പക്ഷത്ത് നില്‍ക്കാത്തതിൽ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു.

ഇതൊക്കെയാണ് നിവേദനത്തിൽ ഒപ്പിടാൻ താരം തയ്യാറാവാതിരുന്നതിന്റെ കാരണം എന്നാണ് കങ്കണയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പദ്മാവതി വിവാദ നായിക ദീപിക ദിനംപ്രതി ഓരോ വിവാദങ്ങളിൽ പെടുന്നത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയ്ക്ക് കടുത്ത വിഷമം സൃഷ്ട്ടിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.