'ദേവദാസിയായ' സായ് പല്ലവി സുന്ദരിയല്ല, നടിയെ അധിക്ഷേപിച്ച് പോസ്റ്റ്; വിമര്‍ശിച്ച് തെലങ്കാന ഗവര്‍ണര്‍

ശ്യാം സിംഗ റോയ് എന്ന ചിത്രത്തിനായി ഗംഭീര മേക്കോവര്‍ നടി സായ് പല്ലവി നടത്തിയിരുന്നു. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വാര്‍ദ്ധക്യ കാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ്‌യുടെ വീഡിയോ വൈറല്‍ ആയിരുന്നു.

എന്നാല്‍ ദേവദാസി വേഷത്തില്‍ എത്തിയ സായ് പല്ലവി സുന്ദരിയല്ലെന്ന തമിഴ് പോസ്റ്റ് വൈറലായിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. തെലങ്കാന ഗവര്‍ണറും ബിജെപി നേതാവുമായ തമിഴിസൈ സൗന്ദരാജനും സായ് പല്ലവിക്കെതിരെ വന്ന പോസ്റ്റില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.

ബോഡി ഷെയ്മിംഗിന് എതിരെയാണ് തമിഴിസൈ സംസാരിച്ചത്. ”ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടവര്‍ക്കേ അതിന്റെ വേദന എന്താണെന്ന് മനസിലാവുകയുള്ളൂ. ഈ കമന്റുകള്‍ ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ മഹാത്മാക്കളൊന്നുമല്ല. ഞാന്‍ അതെല്ലാം അവഗണിച്ചു.”

”പക്ഷേ അത് വേദനിപ്പിച്ചോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വേദനിപ്പിച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞ് ഇരുനിറത്തില്‍ ഇതു പോലെയുള്ള മുടിയുമായി ജനിച്ചത് എന്റെ തെറ്റല്ല. മാത്രമല്ല അതിലെല്ലാം സൗന്ദ്യര്യവുമുണ്ട്. അതുകൊണ്ടാണ് ‘കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്’ എന്ന ചൊല്ല് തന്നെയുള്ളത്.”

”അത് കറുപ്പായിട്ടിരിക്കുന്നതു കൊണ്ട് കാക്ക അതിന്റെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. സ്ത്രീകളാണ് നിരന്തരമായി ബോഡി ഷെയിമിംഗ് ചെയ്യപ്പെടുന്നത്. 50 വയസായ പുരുഷന്മാരെ ഇപ്പോഴും യുവാക്കളായി പരിഗണിക്കുന്ന സമൂഹമാണ് സ്ത്രീകള്‍ക്കെതിരെ വിവേചനത്തോടെ പെരുമാറുന്നത്” എന്നാണ് തമിഴിസൈ ഒരു തമിഴ് ചാനലില്‍ പ്രതികരിച്ചത്.

അതേസമയം, ഡബിള്‍ റോളിലാണ് സായ് പല്ലവി ശ്യാം സിംഗ റോയില്‍ വേഷമിട്ടത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ശ്യാം സിംഗ റോയ്. രാഹുല്‍ സംകൃതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.