മരക്കാര്‍ റിലീസ് ദിവസം തീയേറ്ററുകള്‍ക്ക് കരിദിനം ആചരിക്കും, റിലീസ് ചെയ്യുന്ന തീയേറ്ററുടമകളെ പുറത്താക്കും; മോഹന്‍ലാലിനും ആന്റണിക്കുമുള്ള മുന്നറിയിപ്പെന്ന് ഫിയോക്

മരക്കാര്‍ സിനിമ ഒടിടി റിലീസ് ചെയ്യുന്ന ദിവസം കരിദിനം ആചരിക്കാനൊരുങ്ങി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സിനിമ തിയറ്ററില്‍ കരിങ്കൊടി കെട്ടും. തീയേറ്ററില്‍ ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും എത്തുക.

ഇത് നടന്‍ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണെന്ന് ഫിയോക് സംഘടന അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസ് ചെയ്യുന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന തീരുമാനിച്ചു.

 

മരക്കാര്‍ സിനിമ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ റിലീസ് ചെയ്യുന്ന തിയേറ്റര്‍ ഉടമകളെ പുറത്താക്കാനാണ് സംഘടനയുടെ തീരുമാനം. മരക്കാര്‍ ഒടിടി റിലീസ് ചെയ്ത ശേഷം മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവശ്യാര്‍ത്ഥം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തുരങ്കം വെക്കുന്നതാണ് ഫിയോക്കിന്റെ തീരുമാനം.

 

കഴിഞ്ഞ ദിവസമാണ് മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കും എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും സാഹചര്യം മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.