കമല്‍ഹാസന് ഒപ്പം പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചു; നടി ശ്രുതി ഹാസന് എതിരെ ക്രിമിനല്‍ കേസുമായി ബി.ജെ.പി

നടി ശ്രുതി ഹാസനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് ബിജെപി. ശ്രുതിയുടെ പിതാവും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസനൊപ്പം പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചതിനാണ് നടിക്കെതിരെ ബിജെപി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

എല്‍ദാംസ് റോഡിലെ കോര്‍പ്പറേഷന്‍ സ്‌കൂളില്‍ ആയിരുന്നു കമല്‍ഹാസനും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം കമല്‍ഹാസന്‍ താന്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലേക്ക് മക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

വോട്ടിംഗ് കണക്കുകള്‍ അറിയുന്നതിനാണ് കമല്‍ഹാസന്‍ ബൂത്തില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു എന്ന് ആരോപിച്ച് ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് പോളിംഗ് ബൂത്ത് സന്ദര്‍ശിച്ചതിന് ശ്രുതി ഹസനെതിരെ ബിജെപി ദേശീയ മഹിള വിംഗിന്റെ നേതാവ് വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് നന്ദകുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണം എന്ന് പരാതിയില്‍ പറയുന്നു. ബൂത്ത് ഏജന്റുകള്‍ അല്ലാതെ മറ്റാരും ബൂത്തില്‍ പോകാന്‍ പാടില്ലെന്നാണ് ബിജെപി പറയുന്നത്.