മാമാങ്കവും മരക്കാറും; ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

താരരാജക്കന്‍മാരുടെ വമ്പന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാള സിനിമ ഇതുവരെ കാണാത്ത വിധത്തില്‍ ചരിത്രത്തെയും ഐതീഹ്യങ്ങളെയും പശ്ചാത്തലമാക്കിയാണ് മമ്മൂട്ടിയുടെ മാമാങ്കവും മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ഒരുങ്ങുന്നത്.

17ാം നൂറ്റാണ്ടില്‍ സാമൂതിരിഭരണകാലത്ത് മാമാങ്കം എന്ന നദീതീര ഉത്സവത്തെ അടിസ്ഥാനമാക്കി സജീവ് പിള്ള ഒരുക്കുന്ന ചിത്രമാണ് മാമാങ്കം. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. സ്‌ത്രൈണഭാവമുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നാണ് സൂചന. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം കര്‍ണാടകയില്‍ പൂര്‍ത്തിയായി. സാമൂതിരിക്കെതിരേ പടനയിക്കുന്ന ചാവേര്‍സംഘത്തിലെ പോരാളിയായാണ് മമ്മൂട്ടി വേഷമിടുന്നത്. വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിതാര, പ്രാച്ചി തെഹ് ലാന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഐതിഹാസിക ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ആന്റണി പെരുമ്പാവൂര്‍, സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

കൂടാതെ ദീലിപ് നായകനാകുന്ന പ്രൊഫസര്‍ ഡിങ്കന്‍, പൃഥിരാജിന്റെ ആടുജീവിതം എന്നീ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഒരു പോലെ കാത്തിരിക്കുകയാണ്.

കമ്മാര സംഭവത്തിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. നമിത പ്രൊമോദാണ് നായിക. ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാജിക്കിനിടെ സംഭവിക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ത്രിഡിയിലാകും സിനിമ റിലീസിനെത്തുക.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രമാണ്ഡ ചിത്രമാണ് പൃഥിരാജിന്റെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കെ.യു മോഹനനാണ് ഛായാഗ്രണം. ബ്ലെസി തിരക്കഥ ഒരുക്കുന്ന ചിത്രം കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല പോള്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ലെന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

Read more