ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാകുന്നു; നിര്‍മ്മാണം ബാദുഷ

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് കോംമ്പോയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. നടന്‍മാരായി എത്തിയും പ്രേക്ഷക മനസില്‍ നേടിയ താരങ്ങള്‍ പുതിയൊരു ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ്. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍…! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

ഞങ്ങള്‍ ആദ്യമായി എഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍ നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ ആല്‍വിന്‍ ആന്റണി ചേട്ടന്‍, ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്… അനുഗ്രഹിക്കണം.