'അവള്‍ ലോകത്തോട് യുദ്ധം ചെയ്തു, നീന്തിക്കേറി, ആ നിശ്ചയദാര്‍ഢ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്'

മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന ഭാവനയ്ക്ക് സിനിമാ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. ഭാവനയുടെ സഹോദരന്‍ ജയദേവ് അനുജത്തിക്കായി എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിനെട്ട് വര്‍ഷമായുള്ള താരത്തിന്റെ സിനിമാ കരിയറിനെ കുറിച്ചും നേരിട്ട പ്രതിബന്ധങ്ങളെ കുറിച്ചുമാണ് കുറിപ്പ്.

ജയദേവന്റെ കുറിപ്പ്:

ഓ..അവള്‍ക്കത് എളുപ്പമല്ലേ..സിനിമാ കുടുംബത്തില്‍ നിന്നാണ് അവള്‍ വരുന്നത്, അച്ഛന്‍ ക്യാമറാമാന്‍ ആണ്..അങ്ങനെയങ്ങനെ…ആരെങ്കിലും എന്റെ അനിയത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം ഇക്കാര്യങ്ങള്‍ ഞാന്‍ പല തവണ കേട്ടിട്ടുണ്ട്. പക്ഷേ സത്യം നേരെ വിപരീതമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ടെലിഫിലിമില്‍ ബാലതാരങ്ങളായാണ് തുടങ്ങിയത്. ശ്രീമൂലന?ഗരം പൊന്നന്‍ ചേട്ടന്‍ സംവിധാനം ചെയ്ത ടെലിഫിലിം.

അതിന് മുമ്പ് അച്ഛനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമായി ചെറിയ രീതിയില്‍ മോഡലിങ്ങൊക്കെ ചെയ്തിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് പത്രത്തിന് വേണ്ടി ചെയ്ത ദീപം കുടയുടെ പരസ്യം. ഞാന്‍ രണ്ട് മൂന്ന് ടെലിഫിലിമില്‍ കൂടി അഭിനയിച്ച ശേഷം നിര്‍ത്തി. അവള്‍ സ്‌കൂളിലെ പരിപാടികളിലും സജീവമായി. അവതാരകയായും, ഡാന്‍സറായും, അനൗണ്‍സറായും അവള്‍ സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. ചില പരസ്യങ്ങളും ചെയ്തു.

നമ്മള്‍ എന്ന ചിത്രത്തിന് മുമ്പ് ബോബനും മോളിയും, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ ഓഡിഷന് അവള്‍ പോയിരുന്നു. നമ്മള്‍ അവള്‍ക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തെങ്കിലും ഇന്ന് കാണുന്ന അവളായി മാറാന്‍ ഒരുപാട് കഠിനമായ പരിശ്രമവും വിചാരിക്കാത്ത പ്രതിബന്ധങ്ങളും കഷ്ടതകളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

അവള്‍ ലോകത്തോട് യുദ്ധം ചെയ്തു, പ്രക്ഷുബ്ധമായ വെള്ളത്തില്‍ നീന്തിക്കേറി, അവള്‍ സത്യമെന്ന് വിശ്വസിക്കുന്നതിന് വേണ്ടി നിലകൊണ്ടു. അവളുടെ ആ നിശ്ചയദാര്‍ഡ്യമാണ് ഇന്ന് കാണുന്ന അവളിലേക്കെത്തിച്ചത്. അവളെ പിന്തുണയ്ക്കുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.

18 വര്‍ഷത്തെ സിനിമാ ജീവിതം, നാല് ഭാഷകള്‍, എണ്‍പതിലധികം ചിത്രങ്ങള്‍…ഞാന്‍ നിനക്ക് എല്ലാ സൗഭാഗ്യങ്ങളും ആശംസിക്കുന്നു…വരാനിരിക്കുന്ന നിന്റെ യാത്രകള്‍ക്ക് കട്ടയ്ക്ക് കൂടെയുണ്ട് ഞാന്‍. അതേ നമ്മളിനിയും കൊടുങ്കാറ്റിനെ നേരിടും, പക്ഷേ ഒന്നിനും നമ്മളെയും കുടുംബത്തെയും മുന്നോട്ട് പോകുന്നതില്‍ നിന്ന് തടയാനാവില്ല…ജന്മദിനാശംസകള്‍ പ്രിയ സഹോദരി…

https://www.instagram.com/p/CBEJrtSpWWf/