പോരാട്ടത്തിന്റെ പെണ്‍ പ്രതീകം; ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവന, കരഘോഷത്തോടെ സ്വീകരിച്ച് കാണികള്‍

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയാകുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. ലൈംഗിക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാനത്ത് പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. വന്‍ കരഘോഷത്തോടെയാണ് ഭാവനയെ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകള്‍.

കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.

അതേസമയം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചു വരുന്നത്. ആദില്‍ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.