സൗബിനെ നായകനാക്കി ഭദ്രന്റെ ‘ജൂതന്‍’; മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

ആടുതോമയെ മലയാളിയ്ക്ക് സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകന്‍. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. കാളയുടെ കൊമ്പിലിരിന്നാടുന്ന കുട്ടിയെയും, നീന്തുകളിക്കുന്ന മത്സ്യങ്ങളെയും, കത്തിജ്വലിക്കുന്ന ഏഴ് മെഴുകുതിരികളും മോഷന്‍ പോസ്റ്ററില്‍ കാണാം.

‘എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും.’ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നായകനായെത്തുന്ന സൗബിന്‍ ഷാഹിറും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു.

Joothan Motion Poster

എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും….All the best Soubin Shahir

Posted by Mohanlal on Friday, 15 March 2019

ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ സ്ഫടികമുള്‍പ്പെടെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച നിരവധി ചിത്രങ്ങളൊരുക്കിയ ഭദ്രന്റെ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം നോക്കി കാണുന്നത്.