പുതിയ ചിത്രങ്ങള്‍ വരാനിരിക്കുന്നെന്ന് ഭദ്രന്‍, മറ്റൊരു സ്ഫടികമോ എന്ന് ആരാധകര്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം. ചിത്രം പുറത്തിറങ്ങിയിട്ട് 27 വര്‍ഷങ്ങളായെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തന്റേതായി പുതിയ ചിത്രങ്ങള്‍ വരാനിരിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഭദ്രന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭദ്രന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ..

എന്റെ മകളുടെ വാട്‌സാപ്പില്‍ വന്ന ഈ ഫോട്ടോയുടെ ചുവടെ ചേര്‍ത്ത അവളുടെ ഈ എഴുത്ത് വീട്ടിലെ പൂമുഖത്ത് വലതുവശത്തെ ഒഴുകുന്ന പുഴയില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴച്ചാറ്റല്‍ കണ്ടപ്പോള്‍ ഒന്ന് ഇട്ടു പോയി എന്നെ ഉള്ളൂ.. ‘എന്റെ അപ്പ നല്ല ഇണക്കമുള്ള ഒരു ടീഷര്‍ട്ട് ഇട്ടിരിക്കുന്നത് യാദൃശ്ചികമായി കണ്ടപ്പോള്‍ എനിക്ക് ഇങ്ങനെ ഒന്ന് എഴുതാന്‍ തോന്നി ചുവട്ടില്‍….

‘ഇത്ര ആലോചിക്കാന്‍ ഒന്നുമില്ല അപ്പാ.. സംഭവിക്കാനുള്ള രണ്ടുമൂന്നു സിനിമകള്‍ അത് അതിന്റെ സമയത്ത് നടന്നുകൊള്ളും. I know you will never worry.. you always live in progressive mind!’

മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ‘ഉടയോന്‍’ ആണ് ഭദ്രന്‍ അവസാനം സംവിധാനം ചെയ്തത്. 17 വര്‍ഷത്തിനു ശേഷം ‘ജൂതന്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് സംവിധായകന്‍. സൗബിന്‍ ഷാഹിറിനെ നായകനാക്കി 2019ല്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സൗബിന് പകരമായി ഷെയ്ന്‍ നിഗം ചിത്രത്തില്‍ നായകനായെത്തുമെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു.  സെപ്റ്റംബറില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം.