'ബാഹുബലി'യോ 'സാഹോ'യോ? വെല്ലുവിളി നിറഞ്ഞത് ഏതെന്ന് പ്രഭാസ്

പ്രഭാസിന്റെ ബ്രമാണ്ഡ ചിത്രമായ “ബാഹുബലി”ക്ക് പിന്നാലെ “സാഹോ”ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ തനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞത് “ബാഹുബലി” ആയിരുന്നുവെന്നാണ് പ്രഭാസ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്. സാഹോയാണോ ബാഹുബലിയായിരുന്നോ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം എന്ന ചോദ്യത്തിനായിരുന്നു പ്രഭാസിന്റെ മറുപടി.

സാഹോ ഒരു കണ്ടമ്പ്രറി ഫിലിമാണ്. എന്നാല്‍ ബാഹുബലി എല്ലാം പുതിയതായി തോന്നിയെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സാഹോ സുജീത്താണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.

മലയാള താരം ലാല്‍ ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഓഗസ്റ്റ് 30-നാണ് സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും.