മോദിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും പിന്നാലെ മമതാ ബാനര്‍ജിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; ബാഗിനി: ബംഗാള്‍ ടൈഗ്രസിന്റെ ട്രെയിലര്‍

മോദിയുടെയും രാഹുല്‍ഗാന്ധിയുടെയും ജീവചരിത്ര സിനിമകള്‍ക്ക് പിന്നാലെ മമതാ ബാനര്‍ജിയുടെ ചിത്രവും വെള്ളിത്തിരയിലേക്ക്. മമതാ ബാനര്‍ജിയുടെ ജീവിതം ഇതിവൃത്തമാക്കി നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മേയ് മൂന്നിന് ചിത്രം റിലീസ് ചെയ്യും. മേയ് ഏഴ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ചിത്രം മമതാ ബാനര്‍ജിയുടെ ജീവചരിത്രമല്ലെന്നും അവരില്‍ പ്രചോദനമുള്‍ക്കൊണ്ടാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞു. റുമ ചക്രബൊര്‍ത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബംഗാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ സിനിമകളുടെ നിരതന്നെ സമീപകാലത്ത് പുറത്തിറങ്ങിയിരുന്നു. ദി ആക്‌സിഡന്റല്‍ പ്രൈം മിനിസറ്റര്‍, താക്കറെ, യാത്ര, എന്‍ടിആര്‍ തുടങ്ങിയ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്രമോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ട് തടഞ്ഞിരുന്നു.