'ഫെയ്ക്ക് ഐഡി ഉണ്ടാക്കി പൈസ ചോദിക്കുന്ന ഒരു പോങ്ങന്‍ ഫെയ്‌സ്ബുക്കില്‍ കിടന്നു കറങ്ങുന്നുണ്ട്'; ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്ന് ബാദുഷ

പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്. ബാദുഷയുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവരോട് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളാണ് ഈ അക്കൗണ്ടില്‍ നിന്നും വരുന്നത്. ബാദുഷയുടെ സുഹൃത്തായ അശ്വന്ത് ശേഖറാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചതിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് ബാദുഷ റിപ്പോട്ടര്‍ ലൈവിനോട് പ്രതികരിക്കുന്നത്.

അശ്വന്ത് ശേഖറിന്റെ പോസ്റ്റ്:

ബാദുക്ക നിങ്ങളോടു പണം കടം ചോദിക്കും പക്ഷേ കൊടുക്കരുത് എന്നോട് ഒരു 15000 ചോദിച്ചു. ഞാന്‍ കൊടുത്തിട്ടില്ല മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ബാദുഷയായ ബാദുഷ എം എം ബാദുക്കയുടെ പേരും വെച്ചു ഫേക്ക് ഐഡി ഉണ്ടാക്കി പൈസ ചോദിക്കുന്ന ഒരു പോങ്ങന്‍ ഫേസ്ബുക്കില്‍ കിടന്നു കറങ്ങുന്നുണ്ട്.

ആശാന്‍ കുറെ പേരോട് ഇതേ രീതിയില്‍ സമീപിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. വാരി കോരി കൊടുക്കാതിരിക്കുക, ജാഗ്രത എന്നാലും എന്നോട് പൈസ ചോദിക്കാന്‍ മാത്രം ദാരിദ്ര്യം പിടിച്ചവന്‍ ആരാടാ?

അതേസമയം, തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്ന് പലരോടും പണം ആവശ്യപ്പെടുന്നതായി അറിഞ്ഞെന്നും സുഹൃത്തുക്കളാണ് ഇക്കാര്യം കണ്ടെത്തിയതെന്നും ബാദുഷ പ്രതികരിച്ചു. ആരും ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ് ബാദുഷ പറയുന്നത്. നിലവില്‍ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളിലാണ് ബാദുഷ.

Read more