ബാദുഷ നിര്‍മ്മാതാവാകുന്നു; ചിത്രത്തില്‍ നായകന്മാരായി ഫഹദും ജോജുവും

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസിലും , ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള സജിമോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടേറെ മുന്‍ നിര നടന്മാരും അണിനിരക്കും.

അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് ആണ് ഫഹദിന്റെ അടുത്ത റിലീസ് ചിത്രം.ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.