സുല്‍ത്താന്റെ രണ്ടാമൂഴം; 'ചന്ത'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് ബാബു ആന്റണി

ബാബു ആന്റണി ചിത്രം ‘ചന്ത’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകന്‍ സുനില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് സിനിമയുടെ ചര്‍ച്ച നടന്നുവെന്നും ബാബു ആന്റണി അറിയിച്ചു.

‘നിങ്ങളില്‍ പലരും ചോദിച്ചതിന് ഉത്തരം നല്‍കുന്നു.. സുല്‍ത്താന്‍ റീലോഡിങ്ങ്. ചന്ത 2 ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയില്‍ വെച്ച് സംവിധായകന്‍ സുനിലുമായി ആദ്യ റൗണ്ട് ചര്‍ച്ച നടന്നു’, ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

1995ല്‍ പുറത്തിറങ്ങിയ ‘ചന്ത’ സൂപ്പര്‍ഹിറ്റായ ചിത്രമാണ്. സുല്‍ത്താന്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി സിനിമയില്‍ അവതരിപ്പിച്ചത്. സംവിധായകന്‍ സുനിലിന്റെ കഥക്ക് റോബിന്‍ തിരുമലയാണ് തിരക്കഥ ഒരുക്കിയത്. മോഹിനി നായികയായ സിനിമയില്‍ ലാലു അലക്‌സ്, തിലകന്‍, ദേവന്‍, സത്താര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അതേസമയം ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയും ബാബു ആന്റണിയുടേതായി അണിയറയിലൊരുങ്ങുന്നുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.