പറഞ്ഞ ദിവസം തന്നെ 'അവതാര്‍' എത്തും, തീരുമാനത്തിന് പിന്നില്‍

‘അവതാര്‍ 2’ കേരളത്തിലെ തിയേറ്ററുകളില്‍ പറഞ്ഞ തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഫിയോക്. തിയേറ്റര്‍ ഉടമകളും വിതരണക്കാരുമായി ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. വിതരണക്കാരുടെ ആവശ്യങ്ങള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു സംഘടന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ കളക്ഷന്റെ 60 ശതമാനം ആവശ്യപ്പെട്ടതിനാലായിരുന്നു സിനിമ വിലക്കാന്‍ ഫിയോക്ക് അധികൃതര്‍ തീരുമാനിച്ചതും ഇത്തരത്തില്‍ വിതരണക്കാര്‍ പറയുന്ന നിബന്ധനകള്‍ അനുസരിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍ വീണ്ടും കടക്കെണിയിലാകുമെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാറും പ്രതികരിച്ചിരുന്നു

. അതേസമയം കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഈ വിലക്കിനെ എതിര്‍ത്ത് രംഗത്തെത്തുകയായിരുന്നു. അതിന് ശേഷം നടന്ന ചര്‍ച്ചയിലാണ് ഒരു സമവായ തീരുമാനത്തിലെത്തുന്നത്.

ജയിംസ് കാമറുണിന്റെ ‘അവതാര്‍; ദ വേ ഓഫ് വാട്ടര്‍’ ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം മൊഴിമാറ്റിയെത്തുന്നത്.