'അന്ന് ഒരു വാക്കി ടോക്കി മമ്മൂക്കയുടെ പോക്കറ്റില്‍ ഇട്ടു കൊടുക്കും, മറ്റേ വോക്കി ടോക്കിയിലൂടെ ഡയലോഗുകള്‍ പറഞ്ഞു കൊടുക്കും, ലാല്‍ സാറിന് അതിന്റെ ആവശ്യമില്ല'

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പഞ്ച് ഡയലോഗുകള്‍ ആരാധകര്‍ക്ക് ഹൃദിസ്ഥമാണ്. ദി കിംഗ് ചിത്രത്തില്‍ വാക്കി ടോക്കി വഴി മമ്മൂട്ടിക്ക് പ്രൊംപ്റ്റിംഗ് ചെയ്തു കൊടുത്തതിനെ കുറിച്ചാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മോഹന്‍ലാലിന് വാക്കി ടോക്കിയുടെ ആവശ്യമില്ലായിരുന്നു എന്നും വാസുദേവന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു വലിയ പടമായിരുന്നു ദി കിംഗ്. ആ സമയത്ത് മമ്മൂട്ടിക്ക് ഡയലോഗ് പറയണമെങ്കില്‍ പ്രൊംപ്റ്റിംഗ് ചെയ്യണമായിരുന്നു. മമ്മൂക്കയുടെ പടത്തില്‍ ടേപ്പ് റിക്കാര്‍ഡര്‍ വെച്ചിട്ടാണ് അന്നൊക്കെ സൗണ്ട് എടുക്കുന്നത്. ലോംഗ് ഷോട്ട് എടുക്കുന്ന സമയത്ത് പ്രൊംപ്റ്റിംഗ് ചെയ്താല്‍ കേള്‍ക്കില്ല. അന്ന് വോക്കി ടോക്കിയാണ് ഉപയോഗിച്ചത്.

വാക്കി ടോക്കി മമ്മൂക്കയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കും. എന്നിട്ട് തന്റെ കൈയ്യിലുളള വോക്കി ടോക്കിയിലൂടെ അദ്ദേഹത്തിന് ഡയലോഗുകള്‍ പറഞ്ഞു കൊടുക്കും. ഒരു കാലത്ത് ഹലോ എന്ന് പറയണമെങ്കില്‍ പോലും മമ്മൂക്കയ്ക്ക് പ്രൊംപ്റ്റിംഗ് വേണമായിരുന്നു. ഇപ്പോഴാണ് മമ്മൂക്ക മാറിയത്. ഇപ്പോ പുളളിക്ക് പ്രൊംപ്റ്റിംഗ് ഒന്നും വേണ്ട.

മമ്മൂക്ക പഠിച്ച് അങ്ങ് പറയും. അതേസമയം ലാല്‍ സാറ് ഒന്ന് രണ്ട് തവണ നോക്കിയാണ് ഡയലോഗ് പറയാറുളളത്. പ്രൊംപ്റ്റിംഗ് അധികം വേണ്ട. എന്നാല്‍ ചില സമയങ്ങളില്‍ പ്രത്യേക വാക്കുകള്‍ വരുമ്പോള്‍ അത് മാത്രം ഒന്ന് പറയണേ എന്ന് പറയും. ആ വാക്ക് മാത്രം പറഞ്ഞാല്‍ മതി, ബാക്കി താന്‍ പറഞ്ഞോളാം എന്ന് പറയും എന്നാണ് വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നത്.