'അനുരാഗ കരിക്കിന്‍ വെള്ള'ത്തിന് ശേഷം ആസിഫ് അലിയും രജിഷയും ജിബു ജേക്കബ് ചിത്രത്തില്‍; 'എല്ലാം ശരിയാകും' ഒരുങ്ങുന്നു

ജിബു ജേക്കബിന്റെ “”എല്ലാം ശരിയാകും “” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആസിഫ് അലിയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ആസിഫ് അലിയും രജിഷ വിജയനും അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണ് എല്ലാം ശരിയാകും.

കളിമണ്ണ്‌,ഓട്ടം എന്ന ചിത്രങ്ങള്‍ക്ക് ശേഷം തോമസ് തിരുവല്ലയും പൂമരം എന്ന ചിത്രത്തിനുശേഷം ഡോക്ടര്‍ പോള്‍ വര്‍ഗീസും ഒന്നിച്ചു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ക്വീന്‍ ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസും നവാഗത തിരക്കഥകൃത്തുക്കളായ ഷാല്‍ബിന്‍,നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീതം ഔസേപ്പചനും,ക്യാമറ ശ്രീജിത്ത് നായരുമാണ്.

വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യരാത്രി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിബു ജേക്കബ് ആസിഫ് അലിയോടൊപ്പം എത്തുമ്പോള്‍ ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈനര്‍ തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.