എം.ജി.ആര്‍ ലുക്കില്‍ അമ്പരപ്പിച്ച് അരവിന്ദ് സ്വാമി; ടീസര്‍ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് “തലൈവി.” ചിത്രത്തില്‍ എംജിആറാകുന്നത് അരവിന്ദ് സ്വാമിയാണ്. താരം എംജിആര്‍ ആയി എത്തുന്ന ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എംജിആര്‍ ആയുള്ള അരവിന്ദ് സ്വാമിയുടെ ലുക്കില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍. എംജിആര്‍ ആവാന്‍ അരവിന്ദ് സ്വാമിയെ തിരഞ്ഞെടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണയാണ് ജയലളിതയുടെ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന ഭാഗത്ത് പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് കങ്കണ ആശ്രയിച്ചിരിക്കുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മ്മാണം. സംഗീതം ജി വി പ്രകാശ് കുമാര്‍.