ഷാരൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാവിന്റെ ആഹ്വാനം ; സിനിമ എടുക്കാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകട്ടെ എന്ന് ട്വീ്റ്റ, പ്രതിഷേധം

ഷാരൂഖ് ഖാനെ ബഹിഷ്‌കരിക്കാനുള്ള ബിജെപി നേതാവിന്റെ ആഹ്വാനത്തിനെതിരെ ആരാധകര്‍. ബോയ്‌ക്കോട്ട് ഷാരൂഖ് ഖാന്‍ എന്ന ഹരിയാന ബിജെപി നേതാവിന്റെ ആഹ്വാനത്തെ പ്രതിരോധിച്ച് ഷാരൂഖിന്റെ ആരാധകര്‍ രംഗത്ത് വന്നതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി പുതിയ ഹാഷ്ടാഗ് യുദ്ധം ആരംഭിച്ചു.

ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിന്റെ ചുമതല വഹിക്കുന്ന അരുണ്‍ യാദവാണ് ഷാറൂഖിനെ ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗ് പ്രചരിപ്പിച്ചത്. നടന്‍ പാകിസ്ഥാനൊപ്പമാണെന്ന് ആരോപിച്ച അരുണ്‍ യാദവ് താരം പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെ കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാര്‍ത്തകളും പങ്കുവെച്ചു കൊണ്ടായിരുന്നു ട്വീറ്റുകള്‍. ആമിര്‍ ഖാനെയും സല്‍മാന്‍ ഖാനെയും ബഹിഷ്‌കരിക്കണമെന്നും ട്വീറ്റ് ചെയ്തു.

തുടര്‍ന്ന് ബഹിഷ്‌കരണത്തെ അനുകൂലിച്ച് 30000ലേറെ ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ ‘ഞങ്ങള്‍ ഷാരൂഖിനെ സ്‌നേഹിക്കുന്നു’ എന്ന ഹാഷ്ടാഗുമായി ആരാധകരും രംഗത്ത് വന്നിരുന്നു. മണിക്കൂറുകള്‍ക്കകം ആ ഹാഷ്ടാഗ് ട്രെന്‍ഡിംഗാവുകയും ചെയ്തു.

ഷാരൂഖിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം തല ഉയര്‍ത്തിയിരിക്കുന്നത്. അടുത്ത മാസം റിലീസിനൊരുങ്ങുന്ന പത്താന്‍ സിനിമയെ വെച്ചായിരുന്നു വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം ഉണ്ടായത്. ‘എന്തിനാണ് ഇന്ത്യയിലെ പടത്തിന് പത്താന്‍ എന്ന് പേരിടുന്നത് ഷാറൂഖ് വേണമെങ്കില്‍ അഫ്ഗാനിസ്താനില്‍ പോയി സിനിമ എടുത്തോട്ടെ’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം.

പിന്നാലെ ഷാരൂഖിനെ ബഹിഷ്‌കരിക്കാനുള്ള ഹാഷ്ടാഗില്‍ താന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊക്കെ അരുണ്‍ യാദവ് സ്വന്തം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.