'അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ആര്‍.ജി.വി

അര്‍ണബ് ഗോസ്വാമിയുടെ പേരില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ച സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള വിവാദങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ചാണ് ആര്‍.ജി.വി “അര്‍ണബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്” എന്ന സിനിമ പ്രഖ്യാപിച്ചത്.

“”വേശ്യകള്‍ മറ്റുള്ളവരെ രസിപ്പിക്കുന്നതിനായി തുണിയഴിക്കും, അര്‍ണബ് തന്റെ വിനോദത്തിനായി മറ്റുള്ളവരുടെയും എന്നതാണ് വ്യത്യാസം”” എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. “ദ നാഷണ്‍ വാണ്ടസ് ടു നോ”യുടെ പിറകിലുള്ള സത്യം ഇനി രാജ്യമറിയുമെന്നും ആര്‍.ജി.വി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിനെ ഭയാനകമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞ് അര്‍ണാബ് ഗോസാമിക്കെതിരെ ആര്‍ജിവി പ്രതികരിച്ചിരുന്നു. ദിവ്യ ഭാരതി, ജിയ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണത്തെ ഒരു കേസായി സംയോജിപ്പിച്ച് കൊലപാതകി ബോളിവുഡാണെന്ന് അവകാശപ്പെടാന്‍ അര്‍ണബ് ഗോസാമിക്ക് കഴിയുമെന്ന് ആര്‍ജിവി ട്വീറ്റ് ചെയ്തിരുന്നു.

അതിനാല്‍ അര്‍ണബ് ഗോസാമിയെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു എന്നും ആര്‍ജിവി പറഞ്ഞു. പിന്നാലെയാണ് അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന് സിനിമയുടെ പേരിട്ടതായി ആര്‍ജിവി ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ മാറ്റുമെന്നും ആര്‍ജിവി പറഞ്ഞിരുന്നു.