'ആടുജീവിതത്തില്‍ ഉണ്ടാകും'; 28 വര്‍ഷത്തിന് ശേഷം എ. ആര്‍ റഹമാന്‍ വീണ്ടും മലയാളത്തിലേക്ക്

28 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹമാന്‍ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിലൂടെയാണ് റഹമാന്റെ തിരിച്ച് വരവ്. നിര്‍മ്മാണം പുരോഗമിക്കുന്ന ബ്ലെസിയുടെ ആടുജീവിതത്തിലുണ്ടാകുമെന്ന് ചെന്നൈയില്‍ ഒരു സ്വകാര്യ പരിപാടിക്കെത്തിയ റഹമാന്‍ വ്യക്തമാക്കി.

1992 ല്‍ പുറത്തിറങ്ങിയ സംഗീത് ശിവന്റെ യോദ്ധ എന്ന സിനിമയിലൂടെയാണ് എ.ആര്‍ റഹമാന്‍ തന്റെ സിനിമാ സംഗീത യാത്രയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലും ഹിന്ദിയിലുമായി ജൈത്രയാത്ര തുടര്‍ന്ന റഹമാന്‍ 28 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മലയാളിലേക്ക് മടങ്ങി വന്നില്ല. മലയാളമാണ് തനിക്ക് സിനിമാസംഗീതത്തിലേക്ക് വഴി കാണിച്ചതെന്നും അതിനാല്‍ തിരിച്ച് വരവുണ്ടാകുമെന്നും റഹമാന്‍ നേരത്തെ പറഞ്ഞിരുന്നു.

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാക്കി ബെന്യാമിന്‍ രചിച്ച “ആട് ജീവതം” എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. ബെന്യാമിന്റെ നോവലിനോട് പൂര്‍ണമായും നീതി പാലിക്കുന്ന ചിത്രമായിരിക്കും ആടുജീവിതമെന്ന് ബ്ലെസി പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായ ആടുജീവിതത്തില്‍ അമലാ പോളാണ് നായിക. നജീബിന്റെ ഭാര്യ സൈനുവായാണ് അമല എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.