സൂര്യയുടെ നായികയായി അപര്‍ണ്ണ ബാലമുരളി

യുവ താരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപര്‍ണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെയാണ് നായികയായി താരം ചുവട് വെയ്ക്കുന്നത്. ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അപര്‍ണ്ണ സൂര്യയുടെ നായികയാകുന്നു എന്നാണ് പുതിയ വാര്‍ത്ത. എന്‍ജികെ, കാപ്പാന്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധ.

സൂര്യയുടെ 38ാം ചിത്രമാണിത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ അപര്‍ണ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സൂര്യയ്ക്കും അപര്‍ണയ്ക്കും പുറമെ ശിവകുമാര്‍, കാര്‍ത്തി, ജിവി പ്രകാശ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് എപ്രില്‍ ഏട്ടിന് ആരംഭിക്കും. എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന. അപര്‍ണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

https://www.facebook.com/actressaparnabalamurali/photos/a.1711041052518164/2323636687925261/?type=3&theater

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.