സൂപ്പര്‍സ്റ്റാറായി അനുഷ്‌ക, ബാഗമതി 50 കോടി ക്ലബ്ബിലേയ്ക്ക്

ബാഹുബലിയ്ക്ക് ശേഷം അനുഷ്‌ക നായികയായെത്തിയ ബാഗമതി ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുന്നു. തീയേറ്ററുകളിലെത്തി 5 ദിവസം കൊണ്ട് 40 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ചിത്രം നേടിയതായാണ് വിവരം. 1,200 സ്‌ക്രീനുകളിലാണ് ബാഗമതി റിലീസ് ചെയ്തത്. വന്‍ അഡ്വാന്‍സ്ഡ് ബുക്കിങോടെ റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്ത സിനിമ ഒരാഴ്ച്ചയോട് അടുക്കുമ്പോള്‍ 28.35 കോടിയാണ് ഇന്ത്യയില്‍ നിന്നു ലഭിച്ചത്.

ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് 7.65 കോടി ലഭിച്ച ചിത്രം മൂന്നുദിവസം കൊണ്ട് 36 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. നാലാം ദിവസമായ തിങ്കളാഴ്ച്ച 4 കോടി കൂടി ലഭിച്ചതോടെ നാലാം ദിനത്തില്‍ 40 കോടി തികച്ചിരിക്കുകയാണ് ബാഗമതി. ഒരാഴ്ച്ച പൂര്‍ത്തിയാകുമ്പോള്‍ ചിത്രം 50 കോടി ക്ലബ്ബിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.

കേരളത്തിലെ നൂറോളം വരുന്ന റിലീസ് കേന്ദ്രങ്ങളിലായി ചിത്രം 50 ലക്ഷം രൂപയ്ക്ക് മേല്‍ കളക്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കളക്ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

അശോകിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ബാഗമതിയില്‍ അനുഷ്‌കയ്ക്കു പുറമേ മലയാള താരങ്ങളായ ജയറാം, ആശാ ശരത്, ഉണ്ണിമുകുന്ദന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.