ഫിയോക്ക് പിളരുന്നു; ആന്റണി പെരുമ്പാവൂര്‍ ഫെഡറേഷന്‍ നേതൃത്വത്തില്‍?

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പിളരുന്നുവെന്ന് റിപ്പോര്‍ട്ട് . ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ യോഗത്തില്‍ ഫിയോക്ക് ഭാരവാഹികള്‍ പങ്കെടുത്തു. ആന്റണി പെരുമ്പാവൂരിനെ ഫെഡറേഷന്റെ തലപ്പത്തേക്ക് കൊണ്ടുവരുക എന്ന തീരുമാനത്തിലാണ് സംഘടന എത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്റണിയെ ബന്ധപ്പെടുകയും അദ്ദേഹം ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

നിലവില്‍ 125 ഓളം സ്‌ക്രീനുകള്‍ ഫെഡറേഷന്‍ കൈവശമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കുന്നു. ഫിയോക്കിന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് പുതിയ സിനിമകള്‍ നല്‍കാതെയാകും സംഘടന പിളര്‍ത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെയുള്ള താരങ്ങളെ വിലക്കിയ നടപടിയില്‍ ഫിയോക്കിലെ പല അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 31 ആം തീയതി കൊച്ചിയില്‍ വെച്ച് നടക്കുന്ന ഫിയോക്ക് യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക്ക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണി പെരുമ്പാവൂരിനെയും നിശ്ചയിക്കുകയായിരുന്നു.

ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്.