ലഭിക്കുന്ന വരുമാനത്തിന്റെ ഇത്ര ശതമാനവും മിനിമം ഗ്യാരന്റിയും നല്‍കണം; ഉപാധി വെച്ച് ആന്റണി പെരുമ്പാവൂര്‍, നടക്കില്ലെന്ന് ഫിയോക്

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിവാദം അവസാനിക്കുന്നില്ല. നിലവില്‍ തീയേറ്ററുടമകള്‍ക്ക് ് ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നിരിക്കുകയാണ്.

മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നേരെ വെച്ചിരിക്കുന്നത്. നേരത്ത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലെന്ന് സിനിമ- സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു.ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണം.

ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണം. മിനിമം ഗ്യാരന്റിയും നല്‍കണം എന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യങ്ങള്‍. നിര്‍മാതാവിന്റെ ഈ ആവശ്യങ്ങള്‍ അംഗീകരിക്കില്ല എന്നും തങ്ങളുടെ കീഴിലുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയില്ലെന്നും ഫിയോക് അറിയിച്ചു.

 

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.