ലിച്ചി ഇനി സച്ചിന്റെ അഞ്ജലി; ധ്യാനിന്റെ നായികയായി തിളങ്ങാന്‍ അന്ന രേഷ്മ രാജന്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രം സച്ചിന്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ ധ്യാന് നായികയായി എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അന്ന അവതരിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകം, ലിയോ തദേവൂസിന്റെ ലോനപ്പന്റെ മാമ്മോദീസ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നലേക്ക് എത്തുന്ന അന്നയുടെ കഥാപാത്രമാണ് സച്ചിനിലെ അഞ്ജലി. പ്രണയ സിനിമകളിലഭനയിക്കാന്‍ ഏറെ താത്പര്യമുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ള അന്ന ഈ ചിത്രത്തില്‍ സച്ചിന്റെ അഞ്ജലിയായി എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ റൊമാന്റിക് ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read more

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. നീല്‍ ഡി.കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍ എത്തും.