വിശാലിന്റെ വിവാഹം മുടങ്ങി?; ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് അനിഷ

തമിഴ് നടന്‍ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹനിശ്ചയം വലിയ വാര്‍ത്തയായിരുന്നു. ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും ഇരുവരും പിരിഞ്ഞുവെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വിശാലിനൊപ്പം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. വിവാഹം വേണ്ടെന്നു വെച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

തെലുങ്കു നടിയായ അനിഷ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിശാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോസഹിതം വാര്‍ത്ത പുറത്തു വിട്ടത്. ഒരു സിനിമാ സെറ്റില്‍ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. ഹൈദരാബാദില്‍ വെച്ച് മാര്‍ച്ച് 16-നായിരുന്നു വിവാഹനിശ്ചയം.

ദേശീയ ബാസ്‌കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.