'പരീക്ഷ മുന്നിലുള്ളതു കൊണ്ട് ആദ്യം ചിത്രം വേണ്ടെന്നു വെച്ചതാണ്'; തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങളുമായി അനശ്വര

കൗമാരത്തിന്റെ കഥയുമായി റിലീസിനെത്താന്‍ ഒരുങ്ങുകയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അനശ്വര രാജനും എത്തുന്നുണ്ട്. മാത്യുവും അനശ്വരയും ഒന്നിച്ചുള്ള ചിത്രത്തിലെ ജാതിക്കാതോട്ടം എന്നുള്ള ഗാനം ഹിറ്റായിരുന്നു.

പരീക്ഷ മുന്നിലുള്ളതു കൊണ്ട് ആദ്യം ചിത്രം വേണ്ടെന്നു വെച്ചതാണെന്നാണ് അനശ്വര പറയുന്നത്. പത്താം ക്ലാസ്സിലെ പബ്ലിക് പരീക്ഷയ്ക്കു തൊട്ടു മുമ്പാണ് ഈ ചിത്രത്തില്‍ നിന്നും ഓഫര്‍ വന്നത്. പരീക്ഷയും മറ്റും മുന്നിലുള്ളതുകൊണ്ട് ആദ്യം ഈ സിനിമ വേണ്ടെന്നു വെച്ചതാണ്. എന്നാല്‍ ഗിരീഷേട്ടന്‍ വിളിച്ച് പരീക്ഷ കഴിഞ്ഞിട്ട് വന്ന് അഭിനയിച്ചാല്‍ മതിയെന്നു പറഞ്ഞു. വെക്കേഷന്‍ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. ഞങ്ങളെല്ലാവരും ആസ്വദിച്ച്, അടിച്ചുപൊളിച്ചു ചെയ്ത ചിത്രമാണിത്. ഷൂട്ടിംഗിനായി മൈസൂരിലൊക്കെ പോയപ്പോള്‍ സ്‌കൂളില്‍ നിന്നും ടൂറു പോയതു പോലുള്ള അനുഭവമായിരുന്നു,” ഐ ഇ മലയാളവുമായുള്ള അഭിമുഖത്തില്‍ അനശ്വര പറഞ്ഞു.

Image result for thaneer mathan dinangal

അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളാണ് ഗിരീഷ്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.