'ഉയര്‍ന്ന നിലവാരം ഉന്നത ചിന്താഗതി'; യോഗത്തിലേക്കുള്ള വിജയ് ബാബുവിന്റെ എന്‍ട്രി മാസ് ബിജിഎമ്മിട്ട് പോസ്റ്റ് ചെയ്ത് അമ്മ, വിമര്‍ശനം

 

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവും അമ്മ സംഘടനയുടെ യോഗത്തില്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. . ഇപ്പോഴിതാ ‘അമ്മ’ സംഘടനയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയാണ് വൈറലാകുന്നത്. ഒപ്പം വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വിഷ്വല്‍സ് മാത്രം ഉള്‍പ്പെടുത്തി മാസ് ബിജിഎമ്മും കയറ്റിയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ വിജയ് ബാബു ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതിനെ ഭാരവാഹികള്‍ ന്യായീകരിച്ചിരുന്നു.

കോടതി വിധി വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ0ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

എന്നാല്‍ ഈ പ്രസ്താവനയ്ക്കെതിരെ അമ്മ അംഗവും പത്തനാപുരം എംഎല്‍എയുമായ കെ ബി ഗണേശ് കുമാര്‍ രംഗത്തെത്തിയിരുന്നു. ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കി. ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ.

അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയില്‍ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’ ക്ലബ്ബ് പരാമര്‍ശത്തില്‍ മോഹന്‍ലാലിന് കത്തെഴുതുമെന്നും ഗണേശ് പ്രതികരിച്ചിരുന്നു.