ശ്വേതാ മേനോനും ആശ ശരത്തിനും എതിരെ മണിയന്‍പിള്ള രാജു; 'അമ്മ'യില്‍ മത്സരം കടുക്കുന്നു

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഔദ്യോഗിക പാനലിനെതിരെ നടന്‍ മണിയന്‍പിള്ള രാജുവും മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്.

നടിമാരായ ശ്വേതാ മേനോനും ആശ ശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദോഗിക പാനലില്‍ നിന്ന് മത്സരിക്കുന്നത്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പത്രിക പിന്‍വലിച്ചത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചിട്ടുണ്ട്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവും പത്രിക പിന്‍വലിച്ചിരുന്നു.

എന്നാല്‍ പത്രികയില്‍ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തുകയും ചെയ്തു. ലാലും നാസര്‍ ലത്തീഫും മത്സര രംഗത്തുണ്ട്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നടന്‍ ഷമ്മി തിലകന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സൂഷ്മപരിശോധനയില്‍ തള്ളുകയായിരുന്നു.