വേഗത്തില്‍ സുഖം പ്രാപിക്കട്ടെ; അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും രോഗമുക്തിക്കായി പ്രാര്‍ത്ഥനയോടെ മോഹന്‍ലാലും മമ്മൂട്ടിയും

അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രാര്‍ഥനയും ആശംസകളുമായി സോഷ്യല്‍ മീഡിയ. രാഷ്ട്രീയ, കല, കായിക താരങ്ങളടക്കമുള്ളവരാണ് അമിതാഭ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയുമായി എത്തിയിരിക്കുന്നത്. വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നു എന്നാണ് മോഹന്‍ലാലും മമ്മൂട്ടിയും ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബച്ചന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയില്‍ അതിയായ ദുഖമുണ്ടെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അഖിലേഷ് യാദവ്, പ്രിയങ്ക ചതുര്‍വേദി, ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന തുടങ്ങി നിരവധി പേര്‍ ബച്ചന്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, വിവേക് ഒബ്റോയ്, പ്രിയങ്ക ചോപ്ര, പരിനിതീ ചോപ്ര, മനോജ് ബാജ്പേയ്, സോനു സൂദ്, സോനം കപൂര്‍ ധനുഷ്, മഹേഷ് ബാബു തുടങ്ങിയ താരങ്ങളും ബച്ചന് പ്രാര്‍ഥനകളും ആശംസകളുമായി രംഗത്തെത്തി.

കോവിഡ് സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുളളത്. കുടുംബാംഗങ്ങളെയും ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.