അമലാ പോളിന്റെ ‘ആടൈ’ തീയേറ്ററുകളില്‍; ശാപവാക്കുകളും ലൈംഗിക അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധതയെയും മറികടന്ന വിജയമെന്ന് അണിയറപ്രവര്‍ത്തകര്‍

Advertisement

സാമ്പത്തിക പ്രതിസന്ധി മൂലം റിലീസിംഗ് തടസ്സപ്പെട്ട അമലാപോള്‍ ചിത്രം ‘ആടൈ’ അവസാനം തീയേറ്ററുകളില്‍. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

വൈകുന്നേരത്തെ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ‘എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍’ എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.

പണം അടക്കാത്തതിനെ തുടര്‍ന്നാണ് ആടൈയ്ക്ക് തിയേറ്ററുകളിലേക്ക് സ്‌ക്രീനിങ്ങിനായുള്ള കീ ഡെലിവറി മെസേജ് ലഭിച്ചിക്കാതിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെ.ഡി.എം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാത്തത്.