സംവിധാന സഹായിയായ പെണ്‍കുട്ടിയോടുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു, പറ്റില്ലെന്ന ആല്‍വിന്‍ ജോണ്‍ ആന്റണിയുടെ നിലപാടിനെ തുടര്‍ന്ന് വീടാക്രമിച്ചു; മലയാള സിനിമയിലെ അകത്തളങ്ങളില്‍ സംഭവിക്കുന്നത്...

ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തത് കഴിഞ്ഞ ദിവസം ഏറെ വാര്‍ത്തയായിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. എന്നാല്‍ പരാതി കിട്ടിയിട്ടും പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അനാസ്ഥ കാണിക്കുകയാണുമെന്നാണ് ആല്‍വിന്‍ ആന്റണിയുടെ കുടുംബം പറയുന്നത്. ആല്‍വിന്‍  ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു.

പരാതി അടിസ്ഥാനരഹിതമാണെന്നും ആല്‍വിന്‍  ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണി മയക്കു മരുന്നിന് അടിമയാണെന്നുമാണ് റോഷന്‍ പറയുന്നത്. താന്‍ മയക്കുമരുന്നിന് അടിമയാണെന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ആല്‍വിന്‍ ജോണ്‍ ആന്‍റണി പറയുന്നു. “അദ്ദേഹത്തിന് എന്നോടുള്ള വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു പൊതുസുഹൃത്തുണ്ട്. ഒരു പെണ്‍കുട്ടിയാണ്. അവളുമായി എനിക്കുള്ള സൗഹൃദം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എന്നോട് അത് നിര്‍ത്തണമെന്ന് പറഞ്ഞു. ഞാനങ്ങനെ ചെയ്യാത്തിനാല്‍ അത് വൈരാഗ്യമായി മാറി. എന്നെപ്പറ്റി മോശമായി പല കാര്യങ്ങളും പറഞ്ഞു പരത്തി. അത് ചോദ്യം ചെയ്തതിന്റെ അനന്തരഫലമാണ് ഞാനും എന്റെ കുടുംബവും അനുഭവിക്കുന്നത്.” മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണി പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സംവിധാന സഹായികളായിരുന്നു ആല്‍വിന്‍ ജോണ്‍ ആന്‍റണിയും ഈ പെണ്‍കുട്ടിയും.

“റോഷന്‍ ആന്‍ഡ്രൂസിനൊപ്പം  രണ്ടു സിനിമകളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു വിലും മുംബൈ പോലീസിലും. ഞാന്‍ ജീവിതത്തില്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യു സെറ്റിലെ ആരോടു വേണമെങ്കിലും അന്വേഷിക്കാം. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ പണ്ടേ എന്റെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ. ഞാന്‍ അങ്ങിനെ ചെയ്താല്‍ ചീത്തപ്പേര് എന്റെ കുടുംബത്തിനാണ്.”

” 40 ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് എന്റെ വീട്ടിലേക്ക് വന്നത്. ഞാന്‍ അവിടെ ഇല്ലായിരുന്നു. വീട്ടില്‍ മമ്മിയും ഡാഡിയും എന്റെ കുഞ്ഞനുജത്തിയും ഉണ്ടായിരുന്നു. അനുജത്തിക്ക് പന്ത്രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ സുഹൃത്ത് ഒരു ഡോക്ടറും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തെയാണ് അവര്‍ കൂടുതല്‍ ആക്രമിച്ചത്. എന്റെ മമ്മിയെ അവര്‍ തള്ളിയിട്ടു. അത്രയ്ക്ക് ഭീകരാന്തരീക്ഷമാണ് വീട്ടില്‍ അവര്‍ സൃഷ്ടിച്ചത്” ആല്‍വിന്‍ ജോണ്‍ ആന്‍റണി പറഞ്ഞു. റോഷന്‍ തനിക്ക് അയച്ച സന്ദേശവും ആല്‍വിന്‍ ജോണ്‍ ആന്‍റണി പുറത്തു വിട്ടിട്ടുണ്ട്.

1