ഭാവന തിരിച്ചെത്തി, ഇനി നല്ലോണം കഥ ആലോചിക്കാം: അല്‍ഫോന്‍സ് പുത്രന്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാട വേദിയില്‍ അപ്രതീക്ഷിതമായി ഭാവന എത്തിയത് ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. ഭാവനയുടെ എന്‍ട്രി പങ്കുവച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി. ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം’ എന്ന ക്യാപ്ഷനാണ് അല്‍ഫോന്‍സ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഭാവന ഒരു പൊതുവേദിയില്‍ എത്തുന്നത്.

ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. പോരാട്ടിന്റെ പെണ്‍ പ്രതീകം എന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാന്‍ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്. അതേസമയം, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്കും തിരിച്ചു വരികയാണ് ഭാവന. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.