ഫഹദിന്റെ 'പാട്ട്' എന്തായി? ഉപേക്ഷിച്ചോ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അല്‍ഫോന്‍സ് പുത്രന്‍

പഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘പാട്ട്’. പ്രേമം റിലീസ് ചെയ്ത് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രം നടന്നില്ല. പാട്ട് സിനിമയ്ക്ക് പകരം പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോള്‍ഡ് എന്ന സിനിമയാണ് അല്‍ഫോന്‍സ് പൂര്‍ത്തിയിക്കിയിരിക്കുന്നത്.

പാട്ട് എന്തായി എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അല്‍ഫോന്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പാട്ട് പടം ആലോചനയെ കുറിച്ചു ഒരു വാക്ക്’ എന്ന കമന്റിനാണ് സംവിധായകന്‍ മറുപടി കൊടുത്തത്. ‘ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈം ആണ്. അത് കഴിയട്ടെ’ എന്നാണ് അല്‍ഫോന്‍സിന്റെ മറുപടി.

ഗോള്‍ഡിന്റെ ചിത്രീകരണം കഴിഞ്ഞ് എഡിറ്റിംഗ് നടക്കുകയാണെന്ന് അല്‍ഫോന്‍സ് പറഞ്ഞിരുന്നു. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.

പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’, എന്നായിരുന്നു മുമ്പ് അല്‍ഫോന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.