തിയേറ്ററില്‍ വന്‍ വിജയം, 'പുഷ്പ' ഇനി ഒ.ടി.ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ മികച്ച ബോക്സോഫീസ് പ്രകടനം നടത്തിയ ചിത്രങ്ങളില്‍ ഒന്നാണ് അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’. തിയേറ്ററില്‍ വന്‍ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒ.ടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം.

ചിത്രം ഡിസംബര്‍ 7ന് പ്രദര്‍ശനത്തിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാര്‍ ആണ്. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം എന്ന നിലയിലും പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്.

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ‘പുഷ്പ ദ റൈസ്’ ആണ് ഡിസംബര്‍ 17ന് തിയേറ്റില്‍ റിലീസ് ചെയ്തത്. രശ്മക മന്ദാനയാണ് ചിത്രത്തില്‍ നായിക.

അതേസമയം, ചിത്രത്തിലെ ചില രംഗങ്ങളും സാമന്ത അഭിനയിച്ച ഐറ്റം സോംഗും വിവാദമായിരുന്നു. എന്നാല്‍ 2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ് പുഷ്പ. ചിത്രം ആഗോള തലത്തില്‍ 300 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.