അല്ലുവിനൊപ്പം ചുള്ളനായി ജയറാം; പുതിയ ചിത്രത്തിന്റെ ദീപാവലി പോസ്റ്റര്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ജയറാമും തെലുങ്കിലെ സ്റ്റൈലിഷ് താരം അല്ലു അര്‍ജുനും ഒന്നിക്കുന്ന ചിത്രത്തിന്റെ ദീപാവലി പോസ്റ്റര്‍ പുറത്ത്. “അല വൈകുന്തപുറംലോ” എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ അല്ലുവിനോടൊപ്പം സ്റ്റൈലിഷ് ലുക്കില്‍ എത്തിയ ജയറാമും ശ്രദ്ധ നേടുന്നുണ്ട്. ദീപാവലി സ്‌പെഷ്യല്‍ ആയി പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം എത്തുന്നുണ്ട്.

ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായാണ് ജയറാം എത്തുന്നത്. ഇതിനായി ജയറാം നടത്തിയ മേക്ക് ഓവറും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം ഒരുക്കുന്നത്. പൂജ ഹെഗ്ഡെ, തബു, നിവേദ, നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാജി, ഹര്‍ഷ വര്‍ധന, സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണല കിഷോര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Read more

കാജല്‍ അഗര്‍വാളും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എസ് തമന്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വ്വഹിക്കുന്നത് പി എസ് വിനോദ് ആണ്. ഗീത ആര്‍ട്‌സ്, ഹാരിക ആന്‍ഡ് ഹസ്സിന് ക്രീയേഷന്‍സ് എന്നിവയുടെ ബാനറില്‍ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും.