രജനി സ്റ്റൈല്‍മന്നന്‍ തന്നെ, സെറ്റിലുണ്ടായ അനുഭവം പറഞ്ഞ് അക്ഷയ് കുമാര്‍

രജനിയുടെ ബിഗ്ബജറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗം  2.0യില്‍ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ രജനിയോടൊപ്പം അഭിനയിച്ചതിന്റെ വിസ്മയകരമായ അനുഭവം താരം പങ്കുവച്ചു. ഒരു ദിവസം ഞങ്ങള്‍ സെറ്റിലിരിക്കുകയാണ്. ഒരു ഷൂട്ട് തീര്‍ന്ന് അടുത്തതിനായി കാത്തിരിയ്ക്കുന്നു. അപ്പോഴാണെല്ലാവരും രജനികാന്തിനെ ശ്രദ്ധിച്ചത് . ഷൂട്ടിങിനിടയില്‍ തന്റെ പാന്റില്‍ പറ്റിയ പൊടിതുടയ്ക്കുകയായിരുന്നു അദ്ദേഹം.

അതിന്റെ പ്രത്യേകത ഇവിടെ പറഞ്ഞാല്‍ മനസിലാവില്ല. അത്ര സ്റ്റൈലായിട്ടാണ് ആ പ്രവൃത്തി അദ്ദേഹം ചെയ്തത്. ഞങ്ങളെല്ലാം അതിശയിച്ചു നിന്നുപോയി. സ്‌റ്റൈല്‍ മന്നനെന്ന പേര് എത്ര അര്‍ത്ഥവത്താണ്. അദ്ദേഹം എന്തു ചെയ്താലും അതിലെല്ലാം ഒരു സ്റ്റൈല്‍ കടന്നു വരും അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം ഇരുവരുമൊന്നിക്കുന്ന 2.0യുടെ ഷൂട്ടിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഏപ്രില്‍ 27ന് 2.0 തീയേറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാണ കമ്പനിയായ ലൈകയുടെ തീരുമാനം. ഏ ആര്‍ റഹ്മാന്റേതാണ് സംഗീതം. ആമി ജാക്‌സണാണ് ചിത്രത്തിലെ നായിക.