ഞാന്‍ സംവിധായകന്റെ നടന്‍ തന്നെയാണ്, കാരണം സിനിമ അയാളുടേതാണ്; വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗള്‍ നാളെ റിലീസ് ആകുകയാണ്. ജഗന്‍ ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ചും കരിയറിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അക്ഷയ് കുമാര്‍. സംവിധായകന്റെ നടന്‍ എന്ന് നിരൂപകരില്‍ പലരും അക്ഷയ് കുമാറിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ വിശേഷണം പലപ്പോഴും വിമര്‍ശനത്തിലേക്കും പരിഹാസത്തിലേക്കുമൊക്കെ വഴി മാറിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഇപ്പോള്‍ അക്ഷയ് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ഓരോ കാര്യത്തെയും സമീപിക്കുന്നതില്‍ ഓരോരുത്തര്‍ക്ക് വ്യത്യസ്ത രീതിയുണ്ടാകും. ഓരോ അഭിനേതാവും വ്യത്യസ്തമാണ്. എന്റെ ജോലിയുടെ രീതി ഇതാണെന്ന് ഞാന്‍ കരുതുന്നു. ഒരു കഥാപാത്രത്തില്‍ നിന്ന് എന്താണ് വേണ്ടതെന്ന് ഒരു സംവിധായകന് വ്യത്യസ്ത കാഴ്ചപ്പാടുണ്ടാകും.

എന്റ അനുഭവത്തില്‍ നിന്ന് ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന് അത് യോജിക്കണമെന്നില്ല. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാട് പിന്തുടരുന്ന രീതിയാണ് നല്ലത് എന്ന് എനിക്ക് തോന്നുന്നു- അക്ഷയ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ പറയുന്നു.