ബോളിവുഡില്‍ അമിതാഭ് ബച്ചന്‍, കോളിവുഡില്‍ തല അജിത്ത്; ‘നേര്‍കൊണ്ട പാര്‍വൈ’ ട്രെയിലര്‍

തല അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന നേര്‍കൊണ്ട പാര്‍വൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ് ‘നേര്‍കൊണ്ട പാര്‍വൈ’. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ‘നേര്‍കൊണ്ട പാര്‍വൈ’യില്‍ അവതരിപ്പിക്കുന്നത് അജിത്താണ്. ശക്തമായ ഒരു വക്കീല്‍ കഥാപാത്രമാണിത്. മികച്ച സ്വീകാര്യത നേടുന്ന ട്രെയിലര്‍ അഞ്ചു ലക്ഷത്തിന് മേല്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്ഡിംഗില്‍ ഒന്നാമതുണ്ട്.

എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

പിങ്കില്‍ തപ്‌സി അവതരിപ്പിച്ച കഥാപാത്രത്തെ ശ്രദ്ധ ശ്രീനാഥാണ് തമിഴില്‍ കൈകാര്യം ചെയ്യുക. അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലനായി എത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. നീരവ് ഷായാണ് ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും.