ആരാധന മൂത്ത്   വീഡിയോ എടുത്തതിന് ജോലി പോയി ; ഒടുവിൽ ആത്മഹത്യാശ്രമവും, അജിത്തിനെ നേരിൽ കാണണമെന്ന് യുവതി

അമിത ആരാധന മൂലം  വെട്ടിലായ ഒരു ആരാധികയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നത്. തമിഴ് നടൻ അജിത്തിനോടുള്ള അമിത ആരാധന മൂലം ഫര്‍സാന എന്ന യുവതിയുടെ ജോലി തന്നെ നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ വർഷം മുമ്പ് നടന്ന സംഭവം  ഇപ്പോഴാണ് വിഷയം പുറംലോകത്തേക്കെത്തുന്നത്.

2020 ല്‍ കോവിഡ് 19  വ്യാപിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്താണ് അജിത്തും ഭാര്യയും ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇതേ ആശുപത്രിയിൽ ജോലി ചെയ്തു വരികയായിരുന്ന ഫര്‍സാന അജിത്തിനോടുളള ആരാധന മൂലം അത് ഫോണില്‍ പകര്‍ത്തി. എന്നാൽ ദിവസങ്ങൾക്കകം ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുവാനും തുടങ്ങി.

വീഡിയോ കണ്ട ഹോസ്പിറ്റല്‍ അധികാരികള്‍, സിസി ടിവി പരിശോധിച്ച് ആ വീഡിയോ എടുത്ത ആളെ കണ്ടെത്തി.  ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

പ്രായമായ അച്ഛനും അമ്മയും മകളും ഫര്‍സാനയെ ആശ്രയിച്ചാണ് കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ഇല്ലാതെ ജീവിയ്ക്കുകയാണ് ഫര്‍സാന.

ഇതിനിടയില്‍ പല തവണ അജിത്തിനെ കാണാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ഭാര്യ ശാലിനെയും വിളിച്ച് സംസാരിച്ചിട്ടും അജിത്തിനെ കാണാന്‍ സാധിച്ചില്ല. മകളുടെ പഠിപ്പിന് ഫീസ് നല്‍കുന്ന കാര്യം അജിത്തിനോട് പറയാം എന്ന് സെക്രട്ടറി പറഞ്ഞതിനോട് ഫര്‍സാന യോജിച്ചില്ല.   നിരന്തരമായ അവഗണന കാരണം ഫര്‍സാന ആത്മഹത്യയ്ക്കും ശ്രമിച്ചു.  അജിത്തിനെ ഒന്ന് കണ്ടാല്‍, അദ്ദേഹം ആശുപത്രി അധികാരികളോട് പറഞ്ഞാല്‍ തനിക്ക് ജോലി തിരികെ കിട്ടും എന്ന വിശ്വാസത്തിലാണ് ഫര്‍സാന.