മമ്മൂക്കയോളം പ്രാധാന്യമുള്ള വേഷമാണ് രാജ്കിരണ്‍ സാറിന് പക്ഷേ കഥ പറയാന്‍ ചെന്നപ്പോള്‍ പേടിയായിരുന്നു; തുറന്നുപറഞ്ഞ് അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്ക് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ രാജ്കിരണും ഒരു പ്രധാന റോളിലെത്തുന്നു. ഇപ്പോഴിതാ രാജ് കിരണെ കുറിച്ച് സംവിധായകന്‍ അജയ് വാസുദേവ് പറയുന്നു.

മമ്മൂട്ടിയോളം പ്രധാന്യമുള്ള ഒരു കഥാപാത്രമാണത്. ആരു ചെയ്യണം എന്ന ചര്‍ച്ച വന്നപ്പോള്‍ എല്ലാവരും പറഞ്ഞത് രാജ്കിരണ്‍ സാറിന്റെ പേരാണ്. പേടിയോടെയാണ് കഥ പറയാന്‍ ചെന്നൈയ്ക്ക് പോയത്. കാരണം വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് അദ്ദേഹം. പക്ഷേ കഥയും കഥാപാത്രവും പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ കയ്യില്‍ ആ കഥാപാത്രം ഭദ്രമായിരുന്നു. മമ്മൂട്ടി-രാജ് കിരണ്‍ കോമ്പോ ഗംഭീരമായി സിനിമയില്‍ വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അജയ് വാസുദേവ് പറഞ്ഞു.

Read more

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റായാണ് ചിത്രം ഒരുങ്ങുന്നത്. പലിശക്കാരന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. നടി മീന ആണ് നായികയായി എത്തുന്നത്. ദ മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.